നടി രശ്മികയെ കാണാൻ വേണ്ടി 900 കിലോമീറ്ററോളം സഞ്ചരിച്ചു, എന്നാൽ ഫലം നിരാശ, സംഭവം ഇങ്ങനെ
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരത്തിന് മലയാളത്തിൽ പോലും നിരവധി ആരാധകരാണുള്ളത്. താരങ്ങളോടുള്ള കടുത്ത ഇഷ്ടം മൂത്ത് ആരാധകർ പലതും ചെയ്യാറുണ്ട്. ജീവൻ വരെ അപകടത്തിലാകുന്ന പ്രവർത്തികൾ വരെ ഇത്തരത്തിൽ ചെയ്ത ആരാധകരുമുണ്ട്. പൊതുവിൽ ഇത്തരം അതിരുവിട്ട ആരാധന നടീനടന്മാർ പ്രോത്സാഹിപ്പിക്കാറില്ല.
സമാനമായ സംഭവമാണ് രശ്മിക മന്ദാനയ്ക്കും ഉണ്ടായിരുന്നത്. തന്നെ കാണാനുള്ള ആഗ്രഹത്തിൽ ആരാധകൻ കാണിച്ച സാഹസിക പ്രവർത്തിയെ കുറിച്ച് രശ്മിക തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞതും. ഇത്തരം പ്രവർത്തികൾ ആരും ചെയ്യരുതെന്നും സോഷ്യൽമീഡിയയിൽ തനിക്ക് തരുന്ന സ്നേഹം തുടർന്നാൽ മതിയെന്നും രശ്മിക ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് രശ്മികയെ കാണാൻ തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകൻ നടിയുടെ നാടായ കൊടകിൽ എത്തിയത്. 900 കിലീമീറ്റർ സഞ്ചരിച്ചായിരുന്നു ആരാധകൻ എത്തിയത്. ട്രെയിനിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകൻ രശ്മകിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചു. തന്റെ ഇഷ്ട നടിയെ കാണാനായി തെലങ്കാനയിൽ നിന്ന് വന്നതാണെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് രശ്മിക മന്ദാന വിവരം അറിയുന്നത്. ഇന്നലെ ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെ കുറിച്ച് പറഞ്ഞത്. ഇത്രയും ദൂരം സഞ്ചരിച്ച് തന്നെ കാണാനെത്തിയ ആരാധകനെ കുറിച്ച് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്ന് ട്വീറ്റിൽ രശ്മിക പറയുന്നു.
ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതെന്നും ആരാധകനെ കാണാൻ സാധിക്കാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നുമാണ് നടി ട്വീറ്റിൽ പറയുന്നത്. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് ഉറപ്പും നടി നൽകിയിട്ടുണ്ട്. തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ സ്നേഹം തുടരണമെന്നും പറഞ്ഞാണ് രശ്മിക തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
രശ്മികയെ നേരിട്ട് കാണുക എന്നത് മാത്രമായിരുന്നു ആകാശിന്റെ ആഗ്രഹം. തെലങ്കാനയിൽ നിന്ന് മൈസൂർ വരെ ട്രെയിനിൽ എത്തിയ ആകാശ് അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കൊടകിലെ മുഗ്ഗളയിൽ എത്തിയത്. നടിയുടെ വീട് അഡ്രസ് കൃത്യമായി അറിയാത്തതിനാൽ പ്രദേശവാസികളോട് വഴി ചോദിച്ച് യാത്ര തുടർന്നു. ഇതോടെയാണ് നാട്ടുകാർ സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് ആകാശിനെ ഉപദേശിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. മാത്രമല്ല, രശ്മിക വീട്ടിൽ ഇല്ലെന്നും പൊലീസ് അദ്ദേഹത്തെ അറിയിച്ചു.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ